ഫോട്ടോ ജേണലിസത്തിലെ ഇതിഹാസം വിടവാങ്ങി; രഘു റായ് അന്തരിച്ചു

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിലൂടെ ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന് പുതിയ ഭാഷ്യം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം

Apr 26, 2026 - 12:46
Apr 26, 2026 - 12:46
 0
ഫോട്ടോ ജേണലിസത്തിലെ ഇതിഹാസം വിടവാങ്ങി; രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ ആത്മാവ് തന്റെ ക്യാമറത്തുമ്പിൽ ഒപ്പിയെടുത്ത വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് വിയോഗവാർത്ത പുറത്തുവിട്ടത്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ദില്ലിയിലെ ലോധി മൈതാനത്ത് നടക്കും.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിലൂടെ ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന് പുതിയ ഭാഷ്യം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. 1942-ൽ ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനനം. സിവിൽ എഞ്ചിനീയറായിരുന്ന അദ്ദേഹം സഹോദരൻ എസ്. പോളിന്റെ സ്വാധീനത്തിലാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.

ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തെ അറിയിച്ചതിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വലിയ പങ്കുവഹിച്ചു. ഇന്ദിരാഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയ മഹദ്‌വ്യക്തികളുടെ ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങൾ അദ്ദേഹം അനശ്വരമാക്കി. 1965-ൽ 'ദി സ്റ്റേറ്റ്‌സ്‌മാൻ' പത്രത്തിലൂടെ തുടക്കം. പിന്നീട് 'സൺഡേ', 'ഇന്ത്യ ടുഡേ' തുടങ്ങിയ മാധ്യമങ്ങളിൽ ചീഫ് ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചു.

ഫോട്ടോഗ്രാഫി ലോകത്തെ പരമോന്നത വേദികളിൽ ഇന്ത്യയുടെ സാന്നിധ്യമായിരുന്നു രഘു റായ്. ലോകപ്രശസ്തമായ 'മാഗ്നം ഫോട്ടോസിൽ' അംഗമാകുന്ന ആദ്യത്തെ ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് അദ്ദേഹം. 1972-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1992-ൽ അമേരിക്കയിലെ 'ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' ഉൾപ്പെടെ ഒട്ടേറെ വിദേശ പുരസ്കാരങ്ങൾ നേടി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന അൻപതിലധികം ഫോട്ടോ ബുക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow