വേദനകൾ ഉള്ളിലൊതുക്കി തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി, പൂരനഗരി ആവേശക്കടലിൽ
കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെ പൂരദിനത്തിലെ പ്രധാന ചടങ്ങുകൾക്ക് തുടക്കമായി
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ കരിനിഴലിലും ആചാരപ്പെരുമ കൈവിടാതെ തൃശൂർ പൂരം ആഘോഷിക്കുന്നു. ആഘോഷങ്ങളും ആഡംബരങ്ങളും വെട്ടിക്കുറച്ച് ലളിതമായാണ് ഇത്തവണത്തെ പൂരം നടക്കുന്നത്. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെ പൂരദിനത്തിലെ പ്രധാന ചടങ്ങുകൾക്ക് തുടക്കമായി.
കണിമംഗലം ശാസ്താവിന് പിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങൾ മേളാരവങ്ങളോടെ വടക്കുന്നാഥനെ കാണാനെത്തും.
രാവിലെ 11 മണിയോടെ തെക്കേ മഠത്തിന് മുന്നിൽ വിശ്വപ്രസിദ്ധമായ മഠത്തിൽവരവ് പഞ്ചവാദ്യം ആരംഭിക്കും. പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് രാവിലെ 11.30-ന് ആരംഭിക്കും. ഇത് ഉച്ചയ്ക്ക് രണ്ട് മണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് വിഖ്യാതമായ ഇലഞ്ഞിത്തറ മേളമായി മാറും. വൈകിട്ട് 5.30-ന് തെക്കേനടയിൽ വർണ്ണവിസ്മയം തീർക്കുന്ന കുടമാറ്റം നടക്കും. ലോകമെമ്പാടുമുള്ള പൂരപ്രേമികൾ കാത്തിരിക്കുന്ന നിമിഷമാണിത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ആചാരത്തിന്റെ ഭാഗമായി പുലർച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗങ്ങളും ഓരോ കതിന വീതം മുഴക്കും. നാളെ നടക്കുന്ന പകൽപൂരത്തിന് ശേഷം ഉച്ചയോടെ പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപ്തിയാകും. ദുരന്തബാധിതരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തികച്ചും ചടങ്ങുകൾക്ക് പ്രാധാന്യം നൽകിയാണ് തട്ടകം പൂരത്തെ വരവേൽക്കുന്നത്.
What's Your Reaction?