ജീരക സോഡാ കുപ്പിയില്‍ ചത്ത പാമ്പ്; സോഡാ കമ്പനിയില്‍ ഫുഡ് സേഫ്റ്റി പരിശോധന
ഇരിങ്ങാലക്കുട കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ തട്ടുകടയിൽ നിന്നും വാങ്ങിയ ജീരക സോഡാ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. ചെറായി സ്വദേശി വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവർ വാങ്ങിയ കുപ്പികളിൽ ഒന്നിലാണ് പാമ്പിനെ കണ്ടത്. സോഡ കുടിക്കാനായി തുറന്നപ്പോഴാണ് കുപ്പിക്കുള്ളിൽ എന്തോ തങ്ങിനിൽക്കുന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് പാമ്പിൻകുഞ്ഞാണെന്ന് തിരിച്ചറിഞ്ഞത്.
കോണത്തുകുന്ന് ചിരട്ടക്കുന്നിൽ പ്രവർത്തിക്കുന്ന 'റിലാക്സ് സോഡ' കമ്പനിയിൽ നിന്നുള്ള ഉൽപ്പന്നമാണിതെന്ന് കുപ്പിയിലെ ലേബലിൽ നിന്ന് വ്യക്തമായി. തുടർന്ന് യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എം. ബർഷാനയുടെ നേതൃത്വത്തിൽ നിർമ്മാണ യൂണിറ്റിൽ പരിശോധന നടത്തി. സോഡാ നിർമ്മാണത്തിനായി കഴുകി വെക്കുന്ന കുപ്പികൾ സുരക്ഷിതമല്ലാത്ത രീതിയിൽ തുറസായ സ്ഥലത്താണ് സൂക്ഷിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
What's Your Reaction?