കൊല്ലം: കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ സംസ്കാരം ഇന്ന് നടക്കും. മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു.
സുജയുമായുള്ള വാഹനം പോലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം രാവിലെ സ്കൂളിൽ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം നടത്തും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം നടക്കുക.