തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി

ആലപ്പുഴ∙ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ കീഴ്‌ശാന്തി കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റി അറസ്റ്റിലായത് എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തുനിന്ന്. വിഷുദിവസം വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്രം അധികൃതർ നൽകിയ തിരുവാഭരണങ്ങളുമായാണ് രാമചന്ദ്രൻ പോറ്റി കടന്നുകളഞ്ഞത്. 15 പവന്റെ ആഭരണങ്ങൾ ഫെഡറൽ ബാങ്കിന്റെ തേവര ശാഖയിൽ പ്രതി പണയപ്പെടുത്തിയെന്നും ഇതിലൂടെ ലഭിച്ച 7 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്നും പൊലീസ് കണ്ടെത്തി.
ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ 5 പവൻ വരുന്ന കിരീടം രാമചന്ദ്രൻ പോറ്റി പണയപ്പെടുത്തിയില്ല. ഇത് പ്രതിയിൽ നിന്നു അരൂർ പൊലീസ് കണ്ടെടുത്തു. ക്ഷേത്രത്തിൽ ആകെയുണ്ടായിരുന്ന 23.5 പവന്റെ തിരുവാഭരണത്തിൽ 3.5 പവൻ മോഷണം പോയിരുന്നില്ല. എന്നാൽ ഇതു മുക്കുപണ്ടമാണെന്നു പൊലീസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു.
ഈ ആഭരണം രാമചന്ദ്രൻ പോറ്റി നേരത്തെ മോഷ്ടിച്ച് ഫെഡറൽ ബാങ്കിന്റെ കുമ്പളങ്ങി ശാഖയിൽ പണയം വച്ച ശേഷം ഇതേ മാതൃകയിലുള്ള മുക്കുപണ്ടം നിർമിച്ച് ക്ഷേത്രം ഭാരവാഹികൾക്കു നൽകുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി.
What's Your Reaction?






