മുംബൈ: മെറ്റ എഐയുമായി ഇനി സംസാരിക്കുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുക ബോളിവുഡ് താരം ദീപിക പദുക്കോണിന്‍റെ ശബ്‌ദം. എ ഐ യുടെ ശബ്ദമായി ദീപിക മാറിയതായുള്ള വാർത്ത താരം തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്ദമായി ദീപികയെ കേള്‍ക്കാന്‍ സാധിക്കും. 'ഹായ്, ഞാന്‍ ദീപിക പദുക്കോണാണ്. ഞാനാണ് മെറ്റ എഐയിലെ അടുത്ത ശബ്‌ദത്തിനുടമ. അതിനാല്‍ ടാപ് ചെയ്യൂ എന്‍റെ ശബ്‌ദത്തിനായി'- എന്നാണ് വീഡിയോയില്‍ ദീപികയുടെ വാക്കുകള്‍.
സ്റ്റുഡിയോയില്‍ ശബ്‌ദം റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോയാണ് ദീപിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ തങ്ങളുടെ ശബ്ദം മെറ്റ എഐയുമായി സംയോജിപ്പിച്ച ചുരുക്കം ചില ആഗോള വ്യക്തിത്വങ്ങളില്‍ ഒരാളായി മാറുകയാണ് ദീപിക. മെറ്റ എഐയുടെ വോയിസ് അസിസ്റ്റന്‍റില്‍ ശബ്‌ദം നല്‍കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ദീപിക പദുക്കോണ്‍.