തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ പുതിയ ചരിത്രം കുറിച്ച് കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു. ജനുവരി 5നാണ് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് കെഎസ്ആര്‍ടിസി സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചു. 83 ലക്ഷം രൂപയാണ് ഇതുവരെ റെക്കോര്‍ഡ് ഇതര വരുമാനം. 4952 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്. 27.38 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിയില്‍ ഇന്നലെ യാത്ര ചെയ്തത്.
ഈ നേട്ടത്തിൽ ജീവനക്കാരെയും മാനേജ്‌മെന്‍റിനെയും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അഭിനന്ദിച്ചു. കെഎസ്ആർടിസി പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമാണിതെന്നും നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. ടിക്കറ്റ് നിരക്ക് കൂട്ടാതെയാണ് വരുമാനം നേടിയതെന്നും സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.