കേരളത്തിലേക്ക് ഒന്നരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; നിക്ഷേപ താത്പര്യ കരാറില്‍ ഒപ്പിട്ടത് 374 കമ്പനികള്‍

കൊച്ചി: വമ്പന്‍ നിക്ഷേപ പ്രഖ്യാപനത്തോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനോടകം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ 374 കമ്പനികള്‍ നിക്ഷേപ താത്പര്യ കരാറില്‍ ഒപ്പിട്ടു. ആകെ 1,52,905 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ തൊഴില്‍ സംസ്‌കാരം മാറിയെന്നും കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.
കേരളത്തിലേക്ക് എത്തുന്ന നിക്ഷേപകർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഐ.ടി. മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖരായ 31 നിക്ഷേപകർ പങ്കെടുത്ത റൗണ്ട് ടേബിൾ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ഐടി മേഖലയിലുള്ള നിക്ഷേപങ്ങൾക്ക് വളരെ പ്രാധാന്യമാണ് നൽകുന്നത്. ഭൂമിയും പ്രകൃതി വിഭവങ്ങളും ആവശ്യമില്ലാത്ത ഐ.ടി. വ്യവസായം കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് അനുയോജ്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന മേഖലകളിൽ ഒന്നാണ് ഐ. ടി. കേരളത്തിലെ മൂന്ന് ഐടി പാർക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ 2000 ത്തോളം രജിസ്റ്റർ ചെയ്ത കമ്പനികളിലായി ഏകദേശം 2 ലക്ഷത്തോളം ഐ ടി പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 30 ശതമാനത്തിൽ അധികം സ്ത്രീ തൊഴിലാളികളാണ്. ഐ.ടി. വ്യവസായം പരോക്ഷമായി മറ്റു മേഖലയിലെ തൊഴിൽ സാധ്യതകൾക്കു കൂടിയാണ് വഴി തുറക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐ.ടി. മേഖലയ്ക്ക് നൽകുന്ന പിന്തുണ സുരക്ഷ ജീവനക്കാർ, ഡ്രൈവർമാർ, ഹോട്ടലുകൾ തുടങ്ങി അനുബന്ധമേഖലയിലുള്ള തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നത് വഴി അനവധി ആളുകൾക്ക് ഉപജീവനത്തിനുള്ള പിന്തുണ കൂടിയായി മാറുകയാണ്. സാങ്കേതികവിദ്യയിലും അടിസ്ഥാനസൗകര്യ മേഖലയിലും നമ്മൾ മുന്നിലാണ്. മൂന്നരകോടി ആളുകളിൽ ഇന്‍റർനെറ്റ് കണക്ടിവിറ്റി എത്തിക്കഴിഞ്ഞു.
വിദ്യാഭ്യാസകാലഘട്ടം മുതൽ കുട്ടികളുടെ നൈപുണ്യ വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്. ഡിജിറ്റൽ സാക്ഷരത നേടിയ സമൂഹവും പ്രഗൽഭരായ ഉദ്യോഗാർത്ഥികളും മേഖലയിലേക്ക് എത്തുന്ന നിക്ഷേപകർക്ക് ഗുണകരമാകും. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) വ്യവസായത്തിനും അക്കാദമിക മേഖലയ്ക്കും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിച്ച് വരുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ക്ലൗഡ് ടെക്നോളജികൾ, വെർച്വൽ റിയാലിറ്റി എന്നിവയുൾപ്പെടെയുള്ള ഭാവി സാങ്കേതികവിദ്യയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്. ഇതുവഴി വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാകുന്നതോടെ തൊഴിലുറപ്പാക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ കഴിഞ്ഞു. അക്കാദമിക-വ്യവസായ സഹകരണം ഊർജ്ജിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പ്രകൃതി വിഭവങ്ങളാലും ആയുർവേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതികളാലും മിതമായ കാലാവസ്ഥയാലും സമ്പന്നമാണ് കേരളം. നീതി ആയോഗ് സൂചനയിൽ ഒന്നാം സ്ഥാനത്ത് എത്താൻ കേരളത്തിന് സാധിച്ചു. ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇൻവെസ്റ്റ കേരള ഗ്ലോബൽ സമ്മിറ്റ്. വ്യവസായികൾക്ക് തങ്ങളുടെ വ്യവസായ വിപുലികരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാക്കിമാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?






