മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു

പ്രഥമ ലോകകപ്പിൽ മികച്ച ബൗളിങ് പ്രകടനങ്ങൾ നടത്തിയ താരമാണ് ബെർണാഡ് ജൂലിയൻ

Oct 6, 2025 - 22:01
Oct 6, 2025 - 22:01
 0
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു

ട്രിനിഡാഡ്: മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും 1975-ൽ പ്രഥമ ഏകദിന ലോകകപ്പ് കിരീടം നേടിയ കരീബിയൻ ടീമിലെ നിർണായക അംഗവുമായിരുന്ന ബെർണാഡ് ജൂലിയൻ അന്തരിച്ചു. 75 വയസായിരുന്നു അദ്ദേഹത്തിന്. വടക്കൻ ട്രിനിഡാഡിലെ വൽസിൻ ടൗണിൽ വെച്ചായിരുന്നു അന്ത്യം.

വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ആദ്യ ലോകകപ്പ് നേട്ടത്തിൻ്റെ 50-ാം വാർഷികത്തിൽ നിൽക്കെയാണ് ഇതിഹാസ താരം വിടവാങ്ങിയത്. പ്രഥമ ലോകകപ്പിൽ മികച്ച ബൗളിങ് പ്രകടനങ്ങൾ നടത്തിയ താരമാണ് ബെർണാഡ് ജൂലിയൻ. ശ്രീലങ്കയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 20 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.

ന്യൂസിലൻഡിനെതിരെ (സെമി) 27 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ഫൈനലിൽ കലാശപ്പോരാട്ടത്തിൽ ബാറ്റിങിൽ നിർണായക സംഭാവന നൽകി. അതിവേഗം റൺസടിച്ച അദ്ദേഹം 26 പന്തിൽ 37 റൺസ് നേടി ടീമിന് കരുത്ത് പകർന്നു.

നിർഭയനായി കളത്തിൽ വാണ ഓൾറൗണ്ടറെന്നാണ് ബെർണാഡ് ജൂലിയൻ അറിയപ്പെട്ടിരുന്നത്. ഇടംകൈയൻ സീമർ, ആക്രമണോത്സുക ബാറ്റ്‌സ്മാൻ, ഊർജ്ജസ്വലനായ ഫീൽഡർ എന്നീ നിലകളിൽ അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

കളത്തിൽ 100 ശതമാനവും അർപ്പിക്കുന്ന പോരാളിയായിരുന്നു ബെർണാഡെന്ന്, വിൻഡീസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഇതിഹാസ ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് അനുസ്മരിച്ചു. വിൻഡീസിനായി അദ്ദേഹം 24 ടെസ്റ്റ് മത്സരങ്ങളും 12 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 866 റണ്‍സും 50 വിക്കറ്റുകളും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്വന്തമാക്കി. ഏകദിനത്തില്‍ 86 റണ്‍സും 18 വിക്കറ്റുകളുമാണ് സമ്പാദ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow