മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ ശവസംസ്‌കാരം ശനിയാഴ്ച അദ്ദേഹത്തിൻ്റെ ഡൽഹി വസതിയിൽ
യു.എസിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ മകളുടെ വരവിനായി കുടുംബം കാത്തിരിക്കുന്നതിനാൽ, സിങിന്റെ ശവസംസ്‌കാരം ശനിയാഴ്ചയായിരിക്കും നടക്കുന്നത്.

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ നേതാക്കൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഡൽഹിയിലെ വസതിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ഉത്തരാധുനിക ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയായി വാഴ്ത്തപ്പെട്ട 92 കാരനായ സിംഗ്, വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് വ്യാഴാഴ്ച വൈകീട്ടാണ് ഡൽഹി എയിംസിൽ വച്ച് അന്തരിച്ചത്. അന്ന് വൈകുന്നേരം വീട്ടിൽ വെച്ച് പെട്ടെന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൻമോഹൻ സിംഗിന് ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.
ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ, മുൻ പ്രധാനമന്ത്രിയുടെ മൃതദേഹം വെള്ളിയാഴ്ച അദ്ദേഹത്തിൻ്റെ വസതിയിൽ പുഷ്പങ്ങളാൽ അലങ്കരിച്ച പെട്ടിയിലാണ് സ്ഥാപിച്ചത്. അവിടെ പാർട്ടി ഭേദമന്യേ നേതാക്കൾ അന്തരിച്ച നേതാവിന് അന്തിമോപചാരം അർപ്പിച്ചു. സിംഗിൻ്റെ ഭാര്യ ഗുർശരൺ കൗറും മറ്റ് കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു.
യു.എസിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ മകളുടെ വരവിനായി കുടുംബം കാത്തിരിക്കുന്നതിനാൽ, സിങിന്റെ ശവസംസ്‌കാരം ശനിയാഴ്ചയായിരിക്കും നടക്കുന്നത്. അതുവരെ, അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടം ന്യൂഡൽഹിയിലെ വസതിയിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുവാൻ സജ്ജീകരിച്ചിരിക്കുകയാണ്.
What's Your Reaction?






