ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടത്തുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി.
ജില്ലയുടെ വികസന കാര്യങ്ങള്‍ മുൻനിര്‍ത്തി തീരുമാനമെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. ദേവികുളത്ത് സ്ഥാനാർത്ഥിയാകില്ല. മറ്റ് വ്യക്തിപരമായ നിബന്ധനകൾ മുന്നോട്ടു വെച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപി അംഗത്വമെടുത്താലും വരുന്ന തെരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ച കാര്യം രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്.
മൂന്ന് ടേമിലായി 15 വർഷം സിപിഐഎമ്മിന്റെ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സിപിഎമ്മിൻ നിന്ന് രാജേന്ദ്രനെ സസ്പെഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.