പത്തനംതിട്ട: അല്‍ഷിമേഴ്‌സ് രോഗിയായ മുന്‍ ബിഎസ്എഫ് ജവാന് ക്രൂര മര്‍ദ്ദനം. 59കാരനായ ശശിധരൻ പിള്ളയ്ക്കാണ് മർദനമേറ്റത്. പത്തനംതിട്ടയിലാണ് സംഭവം. 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹോം നഴ്സ് വിഷ്ണുവിനെയാണ് കൊടുമൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുൻപാണ് അടൂർ സ്വദേശിയായ മുന്‍ ബി എസ്എഫ് ജവാൻ ശശിധരൻപിള്ളയെ ഹോം നഴ്സ് ക്രൂരമായി മർദിച്ചത്. അഞ്ചു വർഷമായി അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനുവേണ്ടിയാണ് ഹോം നഴ്സിനെ വച്ചത്. അടൂരിലുള്ള ഏജൻസി വഴിയാണ് ഹോം നേഴ്സായ വിഷ്ണു എത്തിയത്.
ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശശിധരന്‍ പിള്ളയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീണു പരുക്കേറ്റെന്നായിരുന്നു ഹോം നഴ്സായ വിഷ്ണു ശശിധരൻ പിള്ളയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികൻ ഗുരുതരാവസ്ഥയിലാണ്.
ബന്ധുക്കള്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വയോധികനെ നഗ്‌നനാക്കി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അതേസമയം രോഗി കട്ടിലിൽ നിന്ന് വീണപ്പോൾ മുറിയിൽ നിന്ന് മാറ്റിയതാണെന്നാണ് ഹോം നഴ്സ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.