മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍; അറിയാം കാരണവും അപകട സാധ്യതകളും

അതിമധുരവും കൊഴുപ്പും അടങ്ങിയിട്ടുള്ള ഭക്ഷണ ശീലങ്ങളാണ് പ്രധാന കാരണം.

Dec 14, 2025 - 19:55
Dec 14, 2025 - 19:55
 0
മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍; അറിയാം കാരണവും അപകട സാധ്യതകളും
ചെറുപ്പക്കാരിൽ ഇപ്പോൾ ഫാറ്റി ലിവര്‍ രോഗം വർധിക്കുകയാണ്. അമിത മദ്യപാനമാണ് ഫാറ്റി ലിവർ രോഗം ഉണ്ടാവാനുള്ള കാരണം എന്നാണ് പൊതുവെ ഉള്ള ചൊല്ല്. എന്നാൽ മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ രോഗം വർധിക്കുകയാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമാണ് ഇത്തരക്കാരിൽ വരുന്നത്.
 
അതിമധുരവും കൊഴുപ്പും അടങ്ങിയിട്ടുള്ള ഭക്ഷണ ശീലങ്ങളാണ് ഈ രോഗം നമ്മളിൽ പിടിമുറുക്കാനുള്ള പ്രധാന കാരണം. ദീർഘനേരം ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും കൂടിയാകുമ്പോൾ അധികമായി എത്തുന്ന ഊർജം മുഴുവൻ കൊഴുപ്പായി സൂക്ഷിക്കാൻ ശരീരം നിർബന്ധിതമാകുന്നു. അങ്ങനെയാണ് അമിതഭാരവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളുമുണ്ടാകുന്നത്. 
 
 
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (NAFL) ബാധിച്ചവരില്‍ സാധാരണയായി കാണുന്ന പ്രധാന ലക്ഷണം അരക്കെട്ടിന്റെ വണ്ണം വര്‍ധിക്കുന്നതാണ്. ക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും വ്യായാമക്കുറവുമാണ് ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണം. ധാരാളം സമയം സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കുന്നതും അധികസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതും ശാരീരിക ആരോഗ്യം മോശമാക്കുകയും കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും.
 
കൂടാതെ മിക്ക രോഗികളിലും ക്ഷീണം ഒരു ലക്ഷണമായി കാണപ്പെടുന്നു. NAFL ബാധിച്ചവരില്‍ 50 ശതമാനത്തിലധികം പേര്‍ക്ക് നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. ലളിതമായ ചില രക്ത പരിശോധനകളിലൂടെ കരള്‍ പ്രവര്‍ത്തനത്തെക്കുറിച്ചും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന്റെ സാധ്യതയെക്കുറിച്ചും നേരത്തെ കണ്ടെത്താനാകും. 
 
ഭക്ഷണനിയന്ത്രണം, ജീവിതശൈലീ ക്രമീകരണം, വ്യായാമം എന്നിവയാണ് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടുക, ഒപ്പം ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, മിത രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്(കൊളസ്‌ട്രോള്‍) എന്നിവ നിയന്ത്രിക്കുകയും, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങളെ കൃത്യമായി പിന്‍തുടരുക എന്നതും പ്രധാനമാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow