തമിഴ്നാട്ടിലെ പടക്കശാലയില്‍ സ്ഫോടനം; 19 മരണം, ആറുപേർക്ക് ഗുരുതര പരിക്ക്
സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുത്തത്
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ ദാരുണമായ പടക്കശാല സ്ഫോടനത്തിൽ 19 തൊഴിലാളികൾ കൊല്ലപ്പെട്ടു. കട്ടനാർപട്ടിയിലെ വനജ പടക്കനിർമ്മാണ ശാലയിലാണ് ശനിയാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ അപകടമുണ്ടായത്.
അപകടസമയത്ത് മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന് പിന്നാലെ പടർന്നുപിടിച്ച തീ ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കിയത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുത്തത്. പരിക്കേറ്റ ആറുപേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഗാധമായ അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ രണ്ട് മന്ത്രിമാരെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുമായി സംസാരിച്ച മുഖ്യമന്ത്രി, ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നിർദ്ദേശിച്ചു.
പടക്കനിർമ്മാണ ശാലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അപാകതയാണോ സ്ഫോടനത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.
What's Your Reaction?