നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ രാജി; പാർട്ടിയിലെ അവഗണനയ്ക്കെതിരെ കടുത്ത നിലപാടെടുക്കാനൊരുങ്ങി ദളിത് കോൺഗ്രസ്സ്
പാര്‍ട്ടിയിലെ അവഗണനയില്‍ കടുത്ത നിലപാടിലേക്ക് കെപിസിസി പോഷക സംഘടനയായ ദളിത് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിലും അവഗണിക്കാനാണ് നീക്കമെങ്കില്‍ രാജി വയ്ക്കാനാണ് ജില്ലാ അധ്യക്ഷന്മാരുടെയും സംസ്ഥാന ഭാരവാഹികളുടെയും തീരുമാനം. അതേസമയം, ജനറല്‍ സീറ്റുകളിലും ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി പറഞ്ഞു.
അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി പൊതുവേ ഇന്നത്തെ എക്‌സിക്യുട്ടീവ് യോഗത്തിലുണ്ടായി. ദളിത് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംവരണ സീറ്റുകള്‍ കൊടുക്കണം എന്ന് പൊതു അഭിപ്രായങ്ങള്‍ വന്നു. ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. ഈ വികാരം ഞങ്ങള്‍ കെപിസിസിയെ അറിയിക്കും. ദളിത് വിഷയങ്ങള്‍ അറിയാത്ത ആളുകള്‍ സംവരണ സീറ്റുകളില്‍ നിര്‍ത്തി മത്സരിക്കുന്നത് കൊണ്ട് ആ സമൂഹത്തിന് ഒരു പ്രയോജനവുമുണ്ടാകില്ല. ഈ തിരഞ്ഞെടുപ്പില്‍ എസ് സി വിഭാഗത്തില്‍പെട്ട യോഗ്യരായ ആള്‍ക്കാര്‍ക്ക് സീറ്റ് കൊടുക്കണം. അത് ലഭിച്ചില്ലെങ്കിലാണ് ഞങ്ങള്‍ അടുത്ത നടപടിയിലേക്ക് കടക്കുക – അദ്ദേഹം പറഞ്ഞു.
ഡിസിസി , കെപിസിസി പുനസംഘടനയില്‍ ദളിത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും അവഗണിക്കാനാണ് നീക്കമെങ്കില്‍ ദളിത് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കും. 14 ജില്ല അധ്യക്ഷന്മാരും സംസ്ഥാന ഭാരവാഹികളും രാജിക്കൊരുങ്ങുന്നു. കെപിസിസിയില്‍ നിശ്ചയിച്ചിരുന്ന ദളിത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം കെപിസിസിക്ക് പുറത്താണ് ചേര്‍ന്നത്. പുനഃസംഘടനയിലും നിയമസഭാ തിരഞ്ഞെടുപ്പിലും അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തു സീറ്റാണ് ദളിത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
What's Your Reaction?



