കോൺഗ്രസ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട; നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്
എം.പിമാർ മത്സരിച്ച് ജയിച്ചാൽ ഒട്ടേറെ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും
ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.പിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന. കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പല എംപിമാരും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് അനുവദിക്കേണ്ടതില്ലെന്നാണ് എഐസിസിയുടെ (AICC) പ്രാഥമിക തീരുമാനം.
എം.പിമാർ മത്സരിച്ച് ജയിച്ചാൽ ഒട്ടേറെ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇത് പാർട്ടിക്ക് അനാവശ്യ ബാധ്യതയും വെല്ലുവിളിയുമാകുമെന്ന് നേതൃത്വം കരുതുന്നു. എം.പി സ്ഥാനം രാജിവെച്ച് എം.എൽ.എയാകാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി തെറ്റായ സനദേശം നൽകുമെന്നും, ഇത് പ്രതിപക്ഷം പ്രധാന ആയുധമാക്കുമെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഒന്നോ രണ്ടോ പേർക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ ഇതേ ആവശ്യവുമായി രംഗത്തെത്തും. ഇത് ഗ്രൂപ്പ് തർക്കങ്ങൾക്കും സീറ്റ് വിഭജനത്തിൽ വലിയ തലവേദനകൾക്കും കാരണമാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ എം.പിമാരെ ഡൽഹിയിൽ തന്നെ നിലനിർത്തിക്കൊണ്ട് പുതിയ മുഖങ്ങളെ നിയമസഭയിലേക്ക് പരീക്ഷിക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്ക്രീനിംഗ് കമ്മിറ്റി ചർച്ചകൾക്ക് ശേഷം ഉണ്ടാകും.
What's Your Reaction?



