തിരുവനന്തപുരം: ആധാറിന് പുതിയ മുഖം നല്‍കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ (UIDAI). ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
യുണീക്ക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നവും "ഉദയ് ' എന്ന പേരും അനാവരണം ചെയ്തു. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയിലുള്ള ആശയം ശക്തമാക്കാനും ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും ആധാര്‍ കൂടുതല്‍ ജനകീയമാക്കാനുമാണ് ഈ പുതിയ മുഖം.
ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തിരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിൻ്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും.
മൈ ഗവൺമെന്‍റ് (MyGov) പ്ലാറ്റ്‌ഫോമിലൂടെ ദേശീയതലത്തിൽ ഡിസൈൻ, പേര് കണ്ടെത്തൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്നായി 875 എൻട്രികൾ യുഐഡിഎഐക്ക് ലഭിച്ചു. അതിൽ നിന്നാണ് തൃശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം നേടിയത്.