കോട്ടയം: നടന്‍ നിവിൻ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ കേസ്. വഞ്ചനാ കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈക്കം തലയോലപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍.
മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരൻ. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് വഞ്ചിച്ചുവെന്നാണ് പരാതി. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.
ഇതു പ്രകാരം വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷംനാസിൽ നിന്ന് 1 കോടി 95 ലക്ഷം രൂപ വാങ്ങി സിനിമയുടെ അവകാശം നൽകിയത് മറിച്ചുവെച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകിയെന്നാണ് പരാതി.