സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; ഐ.ടി. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടയിലുണ്ടായ സമ്മർദ്ദമാണ് മരണത്തിന് പിന്നിലെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് കോറമംഗലയിൽ നടക്കും. ആദായനികുതി വകുപ്പിന്റെ (IT) റെയ്ഡിനിടയിലുണ്ടായ സമ്മർദ്ദമാണ് മരണത്തിന് പിന്നിലെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുനൽകും. മൃതദേഹം കോറമംഗലയിലെ സഹോദരൻ സി.ജെ. ബാബുവിന്റെ വസതിയിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ പൊതുദർശനം ഉണ്ടായിരിക്കും. പൊതുദർശനത്തിന് ശേഷം കോറമംഗലയിൽ തന്നെ സംസ്കാര ചടങ്ങുകൾ നടക്കും.
ബെംഗളൂരു സെൻട്രൽ ഡിസിപിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഐടി സംഘമാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ റെയ്ഡ് നടത്തിയിരുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാട്ടി ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഐടി ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
സി.ജെ. റോയിയുടെ കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈൽ ഫോണുകൾ, വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് എന്നിവ പോലീസ് വിശദമായി പരിശോധിക്കും. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴികൾ ഇന്ന് രേഖപ്പെടുത്തും. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തും.
What's Your Reaction?

