സി.ജെ. റോയിയുടെ മരണം: ഒന്‍പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്
റോയ് എഴുതിയ ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചു
ബെംഗളൂരു ആസ്ഥാനമായുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജ്ജിതമാക്കി. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
റോയ് എഴുതിയ ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചു. ആദായനികുതി വകുപ്പിന്റെ ഇടപെടലുകൾ അദ്ദേഹത്തെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു എന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നതായാണ് വിവരം.
ജനുവരി 31-ന് സഹോദരനെ വിളിച്ചപ്പോൾ തന്നെ അദ്ദേഹം ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. അനുമതിയില്ലാതെ ബെംഗളൂരു വിട്ടുപോകരുതെന്ന് ഇവർക്ക് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്.
സി.ജെ. റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വസതിയായ 'നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ' സംസ്കരിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 2 വരെ നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ-സിനിമ-വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി.കെ. പ്രകാശ്, നടൻ മിഥുൻ രമേശ് തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു. ഉറ്റവർക്കും നാട്ടുകാർക്കും ഒപ്പം ആയിരക്കണക്കിന് ആളുകളാണ് പ്രിയ വ്യവസായിക്ക് വിടചൊല്ലാൻ എത്തിയത്.
What's Your Reaction?



