ഷിംല: ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു താക്കൂര്‍. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് എന്നായിരുന്നു അനുരാഗ് താക്കൂര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചത്.
നീല്‍ ആംസ്‌ട്രോങ് ആണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്നായിരുന്നു വിദ്യാർത്ഥികൾ പറഞ്ഞത്. അപ്പോഴാണ് ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍ ആണ് എന്നാണ് താന്‍ കരുതുന്നതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞത്. തുടർന്ന് വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ താക്കൂര്‍ തന്നെ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ. ശാസ്ത്രം പുരാണമല്ലെന്നും കുട്ടികളുടെ മനസിൽ തെറ്റായ വിവരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും കനിമൊഴി എംപി പ്രതികരിച്ചു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി എംപി വിമർശിച്ചു.