ദേശീയപാതകളിലെ അപകടം; അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി 

ദേശീയപാതകളിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനും ശാസ്ത്രീയമായ നിർമ്മാണം ഉറപ്പു വരുത്തുന്നതിനുമായി ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാല്‍ എംപി

May 20, 2025 - 23:55
 0  12
ദേശീയപാതകളിലെ അപകടം; അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി 

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനും ശാസ്ത്രീയമായ നിർമ്മാണം ഉറപ്പു വരുത്തുന്നതിനുമായി ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗാതഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തു നല്‍കി. 

മഴക്കാലം ആരംഭിച്ചതോടെ യാത്രക്കാരുടെ മരണക്കെണികളായി കേരളത്തിലെ ദേശീയ പാതകള്‍ മാറി. കഴിഞ്ഞ ദിവസം  മലപ്പുറം കൂരിയാടിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന എൻ.എച്ച് 66 ന്റെ ഒരു ഭാഗം തകര്‍ന്നു വീണു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടത്തിലേയ്ക്ക് നയിച്ചത്. സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. നിർമ്മാണ ചുമതലയുള്ള കരാർ കമ്പനികളുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടാകുന്നത്.

ആലപ്പുഴ ബൈപ്പാസില്‍ അടക്കം അപകടങ്ങളും പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് അപകടങ്ങളിലായി ഒരാള്‍ മരിക്കുകയും പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആലപ്പുഴ കരുവാറ്റ പവർഹൗസിനു സമീപമാണ് അപകടമുണ്ടായത്. ജില്ലാ ഭരണകൂടം നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി ചുമതലപ്പെടുത്തിയ കരാർ കമ്പനി തിരിഞ്ഞ് പോലും നോക്കുന്നില്ല.

തൃശൂര്‍-പാലക്കാട് എന്‍എച്ച്-544 പാതയും യാത്രക്കാരുടെ  പേടിസ്വപ്നമായി മാറിയിരിക്കുന്നു. ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. കഴിഞ്ഞ ദിവസം ആറ് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ഉയര്‍ന്ന ടോള്‍ ഈടാക്കുന്ന പാതയായിട്ടും സുഗമമായ ഗതാഗത സൗകര്യം ഒരുക്കാത്തത് ഗുരുതര അലംഭാവമാണ്. 
കോഴിക്കോടിനടുത്ത് എന്‍എച്ച് 66ല്‍ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, റോഡിന്റെ മോശം അവസ്ഥയും ദിശാസൂചനകള്‍ കാണാത്തതുമാണ് അപകട കാരണം. തൃശ്ശൂരിനടുത്ത് എന്‍എച്ച്544ല്‍ ഒരു സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 15 കുട്ടികള്‍ക്ക് പരിക്കേറ്റു. 

ഈ ശോച്യാവസ്ഥയ്ക്ക് പരിഹാരം വേണം. ദേശീയപാതകളില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവങ്ങളായി. അറ്റകുറ്റപണിക്ക് ഉത്തരവാദിത്തപ്പെട്ട കമ്പനികളുടെയോ ദേശീയപാത അതോറിറ്റിയുടെയോ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. ജനങ്ങളുടെ സുരക്ഷയെ സംബന്ധിക്കുന്ന പ്രധാന്യമര്‍ഹിക്കുന്ന വിഷയമാണിത്. അറ്റകുറ്റപണികള്‍ക്ക് വീഴ്ചവരുത്തുന്ന ചുമതലപ്പെട്ട കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും വേണം. അതോടൊപ്പം സമയബന്ധിതമായി അറ്റകുറ്റപണികള്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കെ.സി.വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow