വിപ്ലവസൂര്യന് കണ്ണീരോടെ വിട; ഇന്ന് ഒന്‍പത് മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം, ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക്
ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലും തുടർന്ന്, ആലപ്പുഴ പോലീസ് റിക്രിയോഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും

തിരുവനന്തപുരം: വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ വിട. മൃതദേഹം ഇന്ന്, ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലും തുടർന്ന്, ആലപ്പുഴ പോലീസ് റിക്രിയോഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുക്കാട്ടിൽ സംസ്കരിക്കും.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിൻ്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട്, ഭൗതികദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. എകെജി പഠനഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്‌ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സർക്കാർ 22 മുതൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ചൊവ്വാഴ്ച പൊതുഅവധിയും പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. സംസ്ഥാനത്തെ റേഷൻ കടകൾക്കും ചൊവ്വാഴ്ച അവധിയായിരിക്കും. ചൊവ്വാഴ്ച പിഎസ്‌സി നിശ്ചയിച്ച എല്ലാ പരീക്ഷകളും അഭിമുഖവും പ്രമാണപരിശോധനയും നിയമനപരിശോധനയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
What's Your Reaction?






