പൊലീസിനു മുന്നിലേക്ക് ഷൈൻ, ചോദ്യം ചെയ്യൽ 3 മണിക്ക്
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കുടുംബം

കൊച്ചി ∙ ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് ഇന്നലെ നോട്ടിസ് നൽകിയത്. ഇന്നു രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മകൻ യാത്രയിലായതിനാൽ ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടി പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് മറുപടി നൽകി.
സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാകും നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്‍റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നുമാണ് പിതാവ് പറയുന്നത്. ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല. രാമൻ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകൻ.
നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്നായിരുന്നു നിഗമനം. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
What's Your Reaction?






