ശബരിമലയിലെ കനത്ത തിരക്ക്; സ്പോട്ട് ബുക്കിങ് 5,000 ആയി കുറച്ചു

ഈ നിയന്ത്രണം തിങ്കളാഴ്ച വരെ തുടരുമെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി

Nov 19, 2025 - 17:54
Nov 19, 2025 - 17:54
 0
ശബരിമലയിലെ കനത്ത തിരക്ക്; സ്പോട്ട് ബുക്കിങ് 5,000 ആയി കുറച്ചു

കൊച്ചി: ശബരിമലയിലെ കനത്ത തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സ്പോട്ട് ബുക്കിങ് താത്കാലികമായി കുറയ്ക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകി. ഇതോടെ, ദിവസേനയുള്ള സ്പോട്ട് ബുക്കിങ് 5,000 ആയി കുറയും. ഈ നിയന്ത്രണം തിങ്കളാഴ്ച വരെ തുടരുമെന്ന് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താത്തതിൻ്റെ പേരിൽ ഹൈക്കോടതി ഇന്ന് ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്നലെ ശബരിമലയിൽ അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്കിന് കാരണം വേണ്ടത്ര ഏകോപനം ഇല്ലാതിരുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

നിയന്ത്രണമില്ലാതെ നടത്തിയ സ്പോട്ട് ബുക്കിങ്ങാണ് തിരക്ക് വർധിപ്പിച്ചത്. ഇതിനെത്തുടർന്ന്, ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് 20,000 ആയി കുറയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന്റെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനമായിരുന്നു.

എങ്കിലും തിരക്ക് പൂർണ്ണമായി നിയന്ത്രണ വിധേയമാവുന്നതിനായി, തിങ്കളാഴ്ച വരെ ദിവസവും 5,000 സ്പോട്ട് ബുക്കിങ് മാത്രമേ അനുവദിക്കാവൂ എന്ന് കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു. തീർഥാടക പ്രവാഹം നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിക്കണമെന്നും കോടതി രാവിലെ നിർദ്ദേശിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow