കരിക്കകം പൊങ്കാല: ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു

അന്നദാനത്തിന് രജിസ്ട്രേഷൻ നിർബന്ധം

Mar 16, 2025 - 12:15
Mar 16, 2025 - 12:16
 0  8
കരിക്കകം പൊങ്കാല: ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ ഏപ്രിൽ 3 മുതൽ 9 വരെ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. 
 
ക്ഷേത്രം ട്രസ്റ്റ് ഹാളിൽ നടന്ന യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം ഏറ്റവും പ്രാധാന്യത്തോടെ നടത്തുന്നതാണ് കരിക്കകം പൊങ്കലയെന്ന് എംഎൽഎ പറഞ്ഞു. ക്ഷേത്ര പരിസരത്തെ മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ക്ഷേത്ര പരിസരത്ത് പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. കൂടുതൽ സിസി ടി വി ക്യാമറകൾ സ്ഥാപിക്കും. ഉത്സവ സമയത്തെ ലഹരിവ്യാപനം തടയുന്നതിന് നടപടിയുണ്ടാകും. പൊങ്കാല ദിവസമായ ഏപ്രിൽ 9ന് പ്രാദേശിക അവധി അനുവദിക്കുന്നതിനുള്ള നിർദേശം സർക്കാരിന് സമർപ്പിക്കും. പൊങ്കാല ദിവസം സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റ് അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. അന്നദാനത്തിന് രജിസ്ട്രേഷൻ ഏർപ്പെടുത്തും. കെഎസ്ആർടിസി കൂടുതൽ ബസ് സർവ്വീസുകൾ ഏർപ്പെടുത്തും. 
 
പാർക്കിംഗിന് കൂടുതൽ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങി. ഫയർഫോഴ്സ് പെട്രോളിംഗ് ഉത്സവ ദിവസങ്ങളിൽ ശക്തമാക്കും. കൂടുതൽ ഡോക്ടേഴ്സിനെ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കും. ശുചീകരണത്തിനായി കോർപ്പറേഷൻ കൂടുതൽ തൊഴിലാളികളെ വിന്യസിക്കും. ഹരിത ചട്ടം പാലിച്ചു തന്നെയാകും കരിക്കകം പൊങ്കാലയും നടത്തുക. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ക്ഷേത്രത്തിന് സമീപം തന്നെ സ്ഥലം കണ്ടെത്തും.
 
കെ.എസ് ഇ.ബി പ്രവൃത്തികൾ, പൊതുമരാമത്ത് വർക്കുകൾ, റോഡുകളുടെ അറ്റകുറ്റപ്പണി, ടാറിംഗ് എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
 
ക്ഷേത്രം ട്രസ്റ്റ് ഹാളിൽ നടന്ന യോഗത്തിൽ കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു, കൗൺസിലർമാരായ ഡി.ജി കുമാരൻ, പി.കെ ഗോപകുമാർ, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വി. അശോക് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow