അർധരാത്രിയിൽ ആദ്യ സെൽഫി വിഡിയോ; നീറ്റ് വിവാദത്തിൽ മോദിയുടെ പുതിയ ആശയവിനിമയ തന്ത്രം

Jul 24, 2026 - 16:52
Jul 24, 2026 - 16:52
 0
അർധരാത്രിയിൽ ആദ്യ സെൽഫി വിഡിയോ; നീറ്റ് വിവാദത്തിൽ മോദിയുടെ പുതിയ ആശയവിനിമയ തന്ത്രം

ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി 11.52ന് സെൽഫി വിഡിയോ സന്ദേശം പുറത്തിറക്കി. ഫ്രണ്ട് ക്യാമറയിൽ ചിത്രീകരിച്ച സെൽഫി വിഡിയോയിലൂടെ ജനങ്ങളോട് പ്രധാനമന്ത്രി സംവദിക്കുന്നത് ആദ്യമായാണ്.

ജെൻ-സി (Gen Z) യുവാക്കളുമായി അവരുടെ ആശയവിനിമയ ശൈലിയിൽ ബന്ധപ്പെടാനുള്ള ശ്രമമായാണ് ഈ നീക്കമെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. പതിവ് പ്രസംഗങ്ങളിലെ ഔപചാരിക ശൈലിക്ക് പകരം "Friends" എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി സന്ദേശം ആരംഭിച്ചത്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും അത് വേദനിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടെ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി അർധരാത്രിയോട് അടുക്കുന്ന സമയത്ത് വിഡിയോ പുറത്തിറക്കിയത് പ്രത്യേക ശ്രദ്ധനേടി. നോട്ടുനിരോധനം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ നിർണായക പ്രഖ്യാപനങ്ങളിലുപോലും ഇത്ര വൈകി പ്രതികരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി, യുവാക്കൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായ സമയമെന്ന നിലയിലാണ് രാത്രി 11.52 തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ.

വിഡിയോയിൽ പ്രതിപക്ഷത്തെ വിമർശിക്കാതെയാണ് പ്രധാനമന്ത്രി മുഴുവൻ ശ്രദ്ധയും വിദ്യാർഥികളുടെ ആശങ്കകളിലേക്കു കേന്ദ്രീകരിച്ചത്.

അതേസമയം, വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആശയവിനിമയത്തിലെ പുതിയ പരീക്ഷണമെന്ന നിലയിൽ ചിലർ പ്രശംസിച്ചപ്പോൾ, വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾക്കും പ്രതിഷേധത്തിനും വ്യക്തമായ മറുപടി നൽകിയില്ലെന്ന വിമർശനവും ഉയർന്നു.

വിദ്യാർഥികളുടെ ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് പ്രതികരിക്കാത്തതിനെ പരിഹസിച്ച്, "പറയാൻ ഒന്നുമില്ലെങ്കിൽ കുറഞ്ഞത് ക്യാമറാമാനെയെങ്കിലും രാജിവയ്പിക്കണം" എന്ന് ആകാശ് ബാനർജി എക്സിൽ കുറിച്ചു. അർധരാത്രിയിൽ ആദ്യമായി സെൽഫി വിഡിയോ പങ്കുവെച്ചത് സർക്കാരിനുമേലുള്ള സമ്മർദത്തിന്റെ സൂചനയാണെന്ന് സിപിഐ വക്താവ് അശുതോഷ് റാങ്ക അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിക്ക് പറയാനുള്ളത് പാർലമെന്റിലാണ് പറയേണ്ടതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow