ഈ സീസണിലും പുത്തൻ താരങ്ങൾക്ക് കുറവില്ല; കെ.സി.എല്ലിൽ അരങ്ങേറ്റം കുറിക്കാൻ 30ലേറെ താരങ്ങൾ

കെ.സി.എ. ടൂർണമെൻ്റുകളിലും ക്ലബ്ബ് ക്രിക്കറ്റിലും ഏജ് ഗ്രൂപ്പ് ടൂർണമെൻ്റുകളിലും മികവ് തെളിയിച്ച താരങ്ങളാണ് ഇത്തവണ കെ.സി.എല്ലിലെത്തുന്ന പുതുമുഖങ്ങൾ

Jul 26, 2025 - 17:06
Jul 26, 2025 - 17:06
 0  9
ഈ സീസണിലും പുത്തൻ താരങ്ങൾക്ക് കുറവില്ല; കെ.സി.എല്ലിൽ അരങ്ങേറ്റം കുറിക്കാൻ 30ലേറെ താരങ്ങൾ

പ്രതിഭയുള്ള പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ് കെ.സി.എൽ. ആദ്യ സീസണിൽ കെ.സി.എല്ലിലൂടെ മികവ് തെളിയിച്ച വിഘ്നേഷ് പുത്തൂരിനെപ്പോലുള്ളവർ ഐ.പി.എല്ലിൽ വരെയെത്തി. ഈ സീസണിലും പുത്തൻ താരങ്ങൾക്ക് കുറവില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച് 30ലേറെ പുതിയ താരങ്ങളാണ് കെ.സി.എൽ. രണ്ടാം സീസണിൽ കളിക്കാനിറങ്ങുന്നത്.

കെ.സി.എ. ടൂർണമെൻ്റുകളിലും ക്ലബ്ബ് ക്രിക്കറ്റിലും ഏജ് ഗ്രൂപ്പ് ടൂർണമെൻ്റുകളിലും മികവ് തെളിയിച്ച താരങ്ങളാണ് ഇത്തവണ കെ.സി.എല്ലിലെത്തുന്ന പുതുമുഖങ്ങൾ. ഗ്രാസ് റൂട്ട് ലെവലിൽ, കഴിവുള്ള ഒട്ടേറെ താരങ്ങൾ കളിച്ചു തെളിയുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിലാണ് പുതിയ താരങ്ങൾ താരതമ്യേന കുറവുള്ളത്. ഏറ്റവും കൂടുതൽ പുതിയ താരങ്ങളുള്ളത് ആലപ്പി റിപ്പിൾസിലും. 

കേരള രഞ്ജി ടീമംഗം കൂടിയായ ജലജ് സക്സേനയും ആദിത്യ ബൈജുവുമാണ് പുതുതായി ആലപ്പി ടീമിലെത്തിയവരിൽ പ്രമുഖർ. 12.40 ലക്ഷത്തിനാണ് ആലപ്പി ജലജ് സക്സേനയെ സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും പരിചയസമ്പത്തുള്ള താരമെന്ന് ജലജ് സക്സേനയെ വിശേഷിപ്പിക്കാമെങ്കിലും കെസിഎല്ലിൽ അദ്ദേഹം ഇറങ്ങുന്നത് ആദ്യമായാണ്. ജലജിൻ്റെ അനുഭവസമ്പത്ത് ടീമിന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻ്റ് . ഇത് കൂടാതെ, ശ്രീരൂപ് എം.പി., ബാലു ബാബു, ആകാശ് പിള്ള, മുഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ തുടങ്ങിയവരാണ് ആലപ്പി നിരയിലെ പുതിയ താരങ്ങൾ.

ജലജിനെപ്പോലെ തന്നെയാണ് കൊച്ചിക്ക് സഞ്ജു സാംസണും. കഴിഞ്ഞ തവണ കളിക്കാതിരുന്ന സഞ്ജുവിനുമിത് ആദ്യ സീസണാണ്. ഇതിന് പുറമെ, പ്രമുഖ താരം കെ.ജെ. രാകേഷ്, അഖിൽ കെ.ജി., മുഹമ്മദ് ആഷിക് എന്നിവർ ആദ്യമായി കെ.സി.എൽ. കളിക്കാനൊരുങ്ങുന്നവരാണ്. പുതിയ താരങ്ങൾ താരതമ്യേന കൂടുതലുള്ള മറ്റൊരു ടീം കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസാണ്. പ്രീതിഷ് പവൻ, കൃഷ്ണദേവൻ, ടി.വി. കൃഷ്ണകുമാർ തുടങ്ങിയവരാണ് കാലിക്കറ്റിനൊപ്പമുള്ള പുതിയ താരങ്ങൾ. 

ടൂർണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ കെ.ആർ. രോഹിത്, വിഷ്ണു മേനോൻ, സിബിൻ ഗിരീഷ്, അജു പൗലോസ്, ആതിഫ് ബിൻ അഷ്റഫ് എന്നിവരാണ് തൃശൂരിൻ്റെ പുതുതാരങ്ങൾ. സഞ്ജീവ് സതീശൻ, ആസിഫ് സലിം, അനു രാജ് ടി.എസ്., അദ്വൈത് പ്രിൻസ്, ജെ. അനന്തകൃഷ്ണൻ എന്നീ പുതിയ താരങ്ങളെ ട്രിവാൺഡ്രം റോയൽസും സ്വന്തമാക്കിയിട്ടുണ്ട്. 

പുതിയ താരങ്ങളുടെ വരവ് ലീഗിനും പുത്തൻ ആവേശം പകരും. പുത്തൻ ടീം കോമ്പിനേഷനുകൾ പുതിയ തന്ത്രങ്ങൾക്ക് വഴിയൊരുക്കും. ഇവരിൽ ആരൊക്കെയാകും അതിശയിക്കുന്ന പ്രകടനങ്ങളുമായി കളം നിറയുകയെന്ന കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.

What's Your Reaction?

like

dislike

love

funny

angry

sad

wow