കൊൽക്കത്തയിൽ ആവേശത്തിരയിളക്കം: ലയണൽ മെസ്സി ഇന്ത്യയിലെത്തി; 4 നഗരങ്ങളിൽ വിവിധ പരിപാടികൾ
അർദ്ധരാത്രിയിലും താരത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തിന് ചുറ്റും തടിച്ചുകൂടിയത്
കൊൽക്കത്ത: ലോകഫുട്ബോളിലെ ഇതിഹാസതാരം ലയണൽ മെസ്സിയെ നേരിൽ കാണാനുള്ള അവസരം ഇനി ഇന്ത്യൻ ആരാധകർക്ക് ലഭിച്ചെന്ന് വരില്ല. മിയാമിയിൽ നിന്ന് ദുബായ് വഴിയെത്തിയ മെസ്സിയെ കാണാൻ കൊൽക്കത്ത വിമാനത്താവളത്തിൽ തടിച്ചുകൂടിയ ജനത്തിരക്ക് ആരാധകരുടെ ആവേശം വിളിച്ചോതുന്നതായിരുന്നു. ശനിയാഴ്ച പുലരുന്നതിന് മുൻപേ തന്നെ നഗരം സന്തോഷത്തിൻ്റെ തിരമാലയിലായി. അർദ്ധരാത്രിയിലും താരത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തിന് ചുറ്റും തടിച്ചുകൂടിയത്.
രണ്ടുപതിറ്റാണ്ടിലേറെയായി ലോകഫുട്ബോളിൽ സമാനതകളില്ലാത്ത വിജയചരിത്രമെഴുതുന്ന അർജൻ്റീനാ ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസ്സിയും സംഘവും അടുത്ത 72 മണിക്കൂർ ഇന്ത്യയിലുണ്ടാകും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നാല് നഗരങ്ങളിലെ വിവിധ പരിപാടികളിലാണ് മെസ്സി പങ്കെടുക്കുക.
2022 ഫിഫ ലോകകപ്പ് വിജയിച്ച അർജൻ്റീനാ ടീമിൻ്റെ നായകനും എട്ട് ബാലൺദ്യോർ പുരസ്കാര ജേതാവുമാണ് മെസ്സി. മെസ്സിക്കൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരും ആരാധകരും. മെസ്സി ഇപ്പോൾ കളിക്കുന്ന യുഎസ് ക്ലബ്ബായ ഇൻ്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ് (ഉറുഗ്വായ്), റോഡ്രിഗോ ഡി പോൾ (അർജൻ്റീന) എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. ഇത് മെസ്സിയുടെ കൊൽക്കത്തയിലെ രണ്ടാമത്തെ സന്ദർശനമാണ്.
2011-ൽ വെനസ്വേലയ്ക്കെതിരായ സൗഹൃദമത്സരത്തിനായാണ് അദ്ദേഹം ആദ്യമായി എത്തിയത്. അന്ന് അർജൻ്റീന 1-0 ന് വിജയിച്ചിരുന്നു. ഇത്തവണ ഔദ്യോഗിക മത്സരമില്ല. ശനിയാഴ്ച ഉച്ചതിരിഞ്ഞ് അതിഥികൾ ഹൈദരാബാദിലേക്ക് തിരിക്കും. ഞായറാഴ്ച മുംബൈയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. തിങ്കളാഴ്ച ഡൽഹിയിലെത്തും. അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തശേഷം ഉച്ചതിരിഞ്ഞ് ദുബായിലേക്ക് മടങ്ങും.
What's Your Reaction?

