തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പലസ്ഥലങ്ങളിലും അന്തിമ ഫലവും വന്നു തുടങ്ങി. തിരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനങ്ങളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ട്.
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. ഹരിതച്ചട്ടവും, ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്‌ളാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
കൂടാതെ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ പോലീസ് പുറത്തിറക്കി. കുട്ടികളെ വിജയാഹ്ലാദ പ്രകടനങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും പോലീസ് നിർദേശിച്ചു. നിർദേശങ്ങൾ അണികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പാർട്ടി നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.