തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമഘട്ടം: വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്

Dec 11, 2025 - 09:55
Dec 11, 2025 - 09:55
 0
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമഘട്ടം: വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശസ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ്. മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിംപാടത്ത് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ വാര്‍ഡ് തിരഞ്ഞെടുപ്പില്ല. ഗ്രാമപ്പഞ്ചായത്തുകളില്‍ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്.

രാവിലെ 9.20 വരെയുള്ള കണക്ക് പ്രകാരം 12.98 ശതമാനമാണ് പോളിങ്. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.

എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞു. 

പോളിങ് സ്റ്റേഷനിലുണ്ടായ തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്. വലക്കാവ് എൽ പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 8 പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow