കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം അപകടമുണ്ടായത്.
കോഴിക്കോട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന 'ഡിഫെൻഡർ' എന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ ബസ് ആദ്യം ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചശേഷമാണ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പിൻഭാഗം പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
അപകടത്തിൽ മരിച്ചയാളുടെ തിരിച്ചറിയൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും ഹീൽഫോർട്ട് ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?



