സുജയുടെ ഭാഗത്ത് വീഴ്ചയുണ്ടായി; തേവലക്കര സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
മാനേജ്‌മെന്‍റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്യുമെന്നാണ് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്

തിരുവനന്തപുരം: കൊല്ലം തേവലക്കര സ്കൂളിലെ പ്രധാനാധ്യാപികയായ എസ്. സുജയയെ സസ്പെൻഡ് ചെയ്തു. സ്കൂളിലെ വിദ്യാർഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കടുത്ത നടപടി. പ്രധാനാധ്യാപികയെ ഉടന്‍ സസ്‌പെൻഡ് ചെയ്യാന്‍ മാനേജ്‌മെന്‍റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് രാവിലെ പറഞ്ഞിരുന്നു. മാനേജ്‌മെന്‍റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്യുമെന്നാണ് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
സ്കൂളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാനാധ്യാപികയായ സുജയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മാനേജർ ആർ. തുളസീധരൻപിള്ള പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സ്കൂളിലെ മുതിർന്ന അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
മിഥുൻ മരിക്കാനിടയായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിനു മൂന്നു ദിവസത്തിനകം മാനേജ്‌മെന്റ് മറുപടി നല്‍കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
What's Your Reaction?






