യൂണിഫോം ഇല്ലാതെ 10 വർഷം; ഇടത് സംഘടനാ നേതാക്കളായ പോലീസ് അസോസിയേഷൻ ഭാരവാഹികളെ പൂട്ടി ആഭ്യന്തരവകുപ്പ്! ക്രമസമാധാന ചുമതലയിലേക്ക് മാറ്റി ഡിജിപിയുടെ അഴിച്ചുപണി
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. പോലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ ശക്തരായ ഇടത് നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ടാണ് ഡിജിപി പ്രത്യേക ഉത്തരവിറക്കിയത്. കഴിഞ്ഞ പത്ത് വർഷമായി യൂണിഫോം പോലും ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തുപോന്ന അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയുമാണ് ക്രമസമാധാന ചുമതലയിലേക്ക് (ലാ ആൻഡ് ഓർഡർ) മാറ്റി നിയമിച്ചിരിക്കുന്നത്.
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇടത് സംഘടനാ നേതാവുമായ പ്രശാന്തിനെ തലസ്ഥാനത്തെ മ്യൂസിയം എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) ആയാണ് നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല കൂടി ഉൾപ്പെടുന്ന അതീവ പ്രാധാന്യമുള്ള സ്റ്റേഷനാണിത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്പെഷ്യൽ ബ്രാഞ്ചിൽ തുടർന്നിരുന്ന പ്രശാന്തിന് ഇനി മുതൽ പൂർണ്ണമായി യൂണിഫോം ധരിച്ച് ക്രമസമാധാന ചുമതല നോക്കേണ്ടി വരും.
അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജുവിനെ കൊച്ചി സിറ്റിയിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. മുൻ ഇടത് സർക്കാരിന്റെ കാലത്ത് പോലീസ് സംഘടനകളിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന നേതാക്കൾക്കെതിരെയാണ് യുഡിഎഫ് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ആഭ്യന്തരവകുപ്പ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാന പോലീസ് സേനയിൽ കൂടുതൽ രാഷ്ട്രീയ അഴിച്ചുപണികളും സ്ഥലംമാറ്റങ്ങളും ഉണ്ടാകുമെന്ന സൂചനയാണ് ഡിജിപിയുടെ ഈ അടിയന്തര ഉത്തരവ് നൽകുന്നത്.
What's Your Reaction?



