'ഞങ്ങളെ ഓർത്ത് ആരും കരയേണ്ട, എൽഡിഎഫിൽ ഉറച്ചുനിൽക്കും'; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജോസ് കെ. മാണി
'കേരള കോൺഗ്രസിന് എന്നും ഒരേ നിലപാടേയുള്ളൂ, അത് എൽഡിഎഫിനൊപ്പമാണ്'
കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തങ്ങൾ ഇടതുമുന്നണിയിൽ (എൽഡിഎഫ്) ഉറച്ചുനിൽക്കുമെന്നും മുന്നണി മാറ്റത്തെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരള കോൺഗ്രസിന് എന്നും ഒരേ നിലപാടേയുള്ളൂ, അത് എൽഡിഎഫിനൊപ്പമാണ്. പാർട്ടിയുടെ ശക്തി കണ്ടാണ് പലരും ഒപ്പം വരാൻ ക്ഷണിക്കുന്നത്. എന്നാൽ തങ്ങളെ ഓർത്ത് ആരും വിഷമിക്കേണ്ടതില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്വാധീനം കുറഞ്ഞതിലുള്ള ആശങ്കയാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. അഞ്ച് വർഷം മുൻപ് തങ്ങളെ പുറത്താക്കിയവരാണ് ഇപ്പോൾ ഇത്തരം ചർച്ചകൾക്ക് വഴിമരുന്നിടുന്നത്.
അഞ്ച് എം.എൽ.എമാരും ഒറ്റക്കെട്ടാണ്. പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് യാത്ര പൂർണ്ണമായും വ്യക്തിപരമായിരുന്നു. ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാനാണ് പോയതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ മുൻകൂട്ടി അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി എന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളി. തിങ്കളാഴ്ച നടന്ന എൽ.ഡി.എഫ് സത്യഗ്രഹത്തിൽ പാർട്ടിയുടെ എല്ലാ എം.എൽ.എമാരും പങ്കെടുത്തത് മുന്നണിയിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും ജോസ് കെ. മാണി കോട്ടയത്ത് പറഞ്ഞു.
What's Your Reaction?

