എൽപിജി വിലവർധനവിലും എണ്ണക്കമ്പനികൾക്ക് കനത്ത നഷ്ടം; ഒരു സിലിണ്ടറിന് 700 രൂപയെന്ന് കേന്ദ്രം

Jun 8, 2026 - 12:29
Jun 8, 2026 - 12:29
 0
എൽപിജി വിലവർധനവിലും എണ്ണക്കമ്പനികൾക്ക് കനത്ത നഷ്ടം; ഒരു സിലിണ്ടറിന് 700 രൂപയെന്ന് കേന്ദ്രം

രാജ്യത്ത് പാചകവാതക വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഗാർഹിക പാചക വാതകത്തിന് 29 രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിൽ ഗാർഹിക എൽ.പി.ജി സിലിണ്ടറിന്റെ വില 942 രൂപയായും, കോഴിക്കോട് ഇത് 950.50 രൂപയായും ഉയർന്നു. ഇതിലും ദയനീയമാണ് വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ അവസ്ഥ; വിപണിയിൽ ഇതിന്റെ വില ഇപ്പോൾ 3000 രൂപയും കടന്ന് മുന്നേറുകയാണ്.

എന്നാൽ, സാധാരണക്കാരുടെ കുടുംബബജറ്റ് തകർക്കുന്ന രീതിയിൽ വില കൂട്ടിയിട്ടും പൊതുമേഖലാ എണ്ണ കമ്പനികൾ ഇപ്പോഴും വൻ നഷ്ടത്തിലാണ് ഓടുന്നത് എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവർദ്ധനവാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ ഫെബ്രുവരി 28 മുതൽ സൗദി കോൺട്രാക്ട് പ്രൈസ് ബെഞ്ച്മാർക്ക് (എൽ.പി.ജി വില നിർണ്ണയിക്കുന്ന ആഗോള മാനദണ്ഡം) 46 ശതമാനത്തോളം വർദ്ധിച്ചു. ഇതോടെ ഇന്ത്യയിൽ 14.2 കിലോഗ്രാമിന്റെ ഒരു സിലിണ്ടർ വിതരണം ചെയ്യുന്നതിനുള്ള യഥാർത്ഥ ചെലവ് 1600 രൂപയ്ക്ക് മുകളിലായി. നിലവിലെ വിൽപന വില വച്ച് നോക്കുമ്പോൾ ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികൾക്ക് ഏകദേശം 700 രൂപയുടെ നഷ്ടമാണ് നേരിടുന്നത്.

ഈ വൻ സാമ്പത്തിക ബാധ്യത നിലവിൽ എണ്ണക്കമ്പനികളും കേന്ദ്രസർക്കാരുമാണ് പങ്കിട്ടെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനത്തോടെ ആഭ്യന്തര എൽ.പി.ജി വിപണിയിലെ മൊത്തം അണ്ടർ-റിക്കവറി (യഥാർത്ഥ ചെലവും വിൽപനവിലയും തമ്മിലുള്ള വ്യത്യാസം) 60,000 കോടി രൂപയിലെത്തിയിരുന്നു. മുൻവർഷം ഇത് വെറും 1,338 കോടി രൂപ മാത്രമായിരുന്ന സ്ഥാനത്താണിത്. ഈ പ്രതിസന്ധി മറികടക്കാൻ എണ്ണക്കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.  പാചകവാതകത്തിന് പുറമെ പെട്രോൾ, ഡീസൽ വിപണിയിലും സമാനമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. എണ്ണവില വർദ്ധിച്ചിട്ടും കമ്പനികൾ ലാഭത്തിലല്ലെന്ന് മേഖലയിലെ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ ലിറ്ററിന് 4.5 രൂപയും വീതമാണ് കമ്പനികളുടെ നഷ്ടം. ഇത് വഴി പ്രതിദിനം 550 മുതൽ 600 കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വൻ ലാഭമുണ്ടാക്കാൻ അല്ലെങ്കിലും, ദൈനംദിന നഷ്ടം ഒഴിവാക്കി 'നോ പ്രോഫിറ്റ് നോ ലോസ്' അവസ്ഥയിലെത്താൻ പോലും ഇന്ധനവിലയിൽ ഇനിയും കുറഞ്ഞത് 5 രൂപയുടെയെങ്കിലും വർദ്ധനവ് വരുത്തേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow