'തമ്പാനൂർ കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിനുള്ളിൽ ബോംബ്, രണ്ടു മണിക്കൂറിനുള്ളിൽ പൊട്ടും'; വ്യാജ ബോംബ് ഭീഷണി, പ്രതി പിടിയില്‍
ഭീഷണി വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനോടുവിലാണ് പ്രതി പിടിയിലായത്

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാൻഡിനുള്ളില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി പോലീസ് പിടിയില്‍. പത്തനംതിട്ട റാന്നി വെള്ളൂര്‍മുറിയില്‍, ഹരിലാല്‍ (45) ആണ് പിടിയിലായത്.
മെയ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം ഉച്ച തിരിഞ്ഞ് 12.30 ഓടെ തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോൾ റൂമിൽ ഫോണിലൂടെ അറിയിച്ച ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് ഡോഗ്, ആന്‍റി സാബോട്ടേജ് ടീം, ബോംബ് ഡിക്ടറ്റിങ് ടീം എന്നിവരുമായി ചേർന്ന് സമഗ്രമായ അന്വേഷണത്തിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് മനസിലായി. തുടർന്ന്, ഭീഷണി വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
സംഭവത്തിന് ശേഷം ഫോൺ കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിന് സമീപം സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു ഇയാൾ. പിന്നീട് ഇന്നലെ സ്വിച്ച് ഓൺ ചെയ്തെങ്കിലും വീണ്ടും ഓഫ് ചെയ്ത് ബാഗിൽ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലിസ്റ്റ് പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ മുൻപ് തിരുവനന്തപുരം സിറ്റിയിൽ തമ്പാനൂരുള്ള സിറ്റി ടവർ ഹോട്ടലിൽ ജോലി ചെയ്തിരുന്നെന്നും അവിടെ നിന്ന് മാറിയ ഇയാൾ ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പല ഹോട്ടലുകളിലും സപ്ലൈയര്‍ ആയി ജോലി നോക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് തൊട്ട് മുൻപ് തമ്പാനൂരിലുള്ള മലബാർ പൊടി ചായ എന്ന ഈയടുത്ത് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിനു സമീപം തുടങ്ങിയ ഹോട്ടലിൽ ജോലിയ്ക്ക് നിൽക്കുകയും അവിടെ ജോലിക്കിടയിൽ മദ്യപിച്ച് മോശമായി പെരുമാറിയതിന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.
ഇയാളുടെ കോള്‍ ലിസ്റ്റിൽ 24ന് രാവിലെ മലബാർ പൊടി ചായ ഹോട്ടൽ നടത്തിപ്പുകാരിൽ ഒരാളായ മുഹമ്മദ് ഷെഫീൽ എന്നയാളുടെ ഫോണിലേയ്ക്ക് രണ്ടു തവണ വിളിച്ചതിന്റെ വിശദാംശങ്ങൾ ഉണ്ടായിരുന്നു. ഇയാളെ ഉപയോഗിച്ചാണ് പ്രതിയെ തിരിച്ച് തമ്പാനൂരിലേയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
What's Your Reaction?






