കാബൂളിലെ അതിസുരക്ഷാ മേഖലയിൽ ശക്തമായ സ്ഫോടനം; ഏഴ് മരണം, നിരവധി പേർക്ക് പരിക്ക്
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് പുറമെ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഷെഹർ-ഇ-നവ് മേഖലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നഗരത്തിലെ ഒരു ഹോട്ടലിനെ കേന്ദ്രീകരിച്ചാണ് സ്ഫോടനം നടന്നത്.
വിവിധ രാജ്യങ്ങളുടെ എംബസികളും പ്രധാന ഷോപ്പിംഗ് കോംപ്ലക്സുകളും ഓഫീസ് കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന കാബൂളിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഇടത്താണ് ആക്രമണം നടന്നത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് പുറമെ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. താലിബാൻ സുരക്ഷാ സേന പ്രദേശം വളയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കാബൂളിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്ഫോടനങ്ങളിൽ ഒന്നാണിത്. സ്ഫോടനത്തെത്തുടർന്ന് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
What's Your Reaction?

