ആശങ്ക ഒഴിയുന്നു; പുകപടലം ഇന്ത്യയുടെ ആകാശമേഖല കടന്ന് ചൈനയിലേക്ക് നീങ്ങി
ഇന്നലെ വൈകുന്നേരത്തോടെ ഇത് ഇന്ത്യയുടെ ആകാശമേഖല പൂർണ്ണമായി കടന്ന് ചൈനയിലേക്ക് നീങ്ങി
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിലെ ഹയ്‍ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള ചാരവും പൊടിപടലങ്ങളും ഇന്ത്യയുടെ ആകാശമേഖല കടന്നു ചൈനയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആശങ്കകൾക്ക് അയവ്. തിങ്കളാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് ചാരമേഘങ്ങൾ രാജസ്ഥാൻ വഴി ഇന്ത്യൻ ആകാശത്തേക്ക് കടന്നത്.
ഇന്നലെ വൈകുന്നേരത്തോടെ ഇത് ഇന്ത്യയുടെ ആകാശമേഖല പൂർണ്ണമായി കടന്ന് ചൈനയിലേക്ക് നീങ്ങി. പൊടിപടലം സഞ്ചരിക്കുന്നത് 25,000 അടി ഉയരത്തിലായതിനാൽ, ഇത് രാജ്യത്തെ വായു ഗുണനിലവാരത്തെയോ കാലാവസ്ഥയെയോ ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആകാശമേഖലയിലേക്ക് ചാരം എത്തിയതിനെ തുടർന്ന് ചില വിമാന സർവീസുകളെ ഇത് ബാധിച്ചു.
24 മണിക്കൂറിനിടെ എയർ ഇന്ത്യക്ക് മാത്രം 13 വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ജിദ്ദ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയ ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്കായി ഇന്ന് രാവിലെ 11 മണിക്ക് പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. ജിദ്ദയിൽ കുടുങ്ങിയിരിക്കുന്ന കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്ക വിമാനത്തിൽ കൊച്ചിയിലെത്തിക്കും. ഈ വിമാനം വൈകിട്ട് 3.55-ന് കൊച്ചിയിൽ എത്തിച്ചേരും.
What's Your Reaction?