തൃശൂരില്‍ സി.പി.എം. നടത്തിയ മാര്‍ച്ചിന് പകരമായി ബി.ജെ.പി.യുടെ പ്രതിഷേധ മാര്‍ച്ച്; ഉന്തും തള്ളും, ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു
രാത്രി എട്ടുമണിയോടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും കല്ലേറുമുണ്ടായി

തൃശൂര്‍: സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മണ്ഡലത്തിലെ വോട്ടര്‍പ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സി.പി.എം. നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി.യുടെ പ്രകടനം. രാത്രി എട്ടുമണിയോടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും കല്ലേറുമുണ്ടായി. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു.
ബി.ജെ.പി. ഓഫീസില്‍നിന്ന് ആദ്യം പഴയനടക്കാവിലേക്കും അവിടെനിന്ന് തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷനു മുന്നില്‍ പ്രതിഷേധം അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതുപ്രകാരമാണ് പോലീസ് വിന്യാസമുണ്ടായിരുന്നത്. പക്ഷേ, അപ്രതീക്ഷിതമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ പഴയനടക്കാവില്‍നിന്ന് സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചായി എത്തുകയായിരുന്നു. ഇതോടെ, കൂടുതല്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഓഫീസിനകത്തെത്തി.
മാര്‍ച്ച് തടഞ്ഞതോടെ പോലീസുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് കല്ലേറിലേക്കും ലാത്തിച്ചാര്‍ജിലേക്കും പ്രതിഷേധം വഴിവെച്ചു. കല്ലേറില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
What's Your Reaction?






