സിഎംആർഎൽ-എക്സാലോജിക് കേസ്; വീണ ടി.കെക്കെതിരെ നിർണായക തെളിവെന്ന് ഇഡി
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി.കെക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇൻവോയ്സ് ഇല്ലാതെയാണ് വീണ സിഎംആർഎല്ലിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 45 ലക്ഷം രൂപ വീണയ്ക്ക് ലഭിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന കമ്പനിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചും ഇഡി റിപ്പോർട്ടിൽ പരാമർശമുണ്ട്. ചരക്ക് നീക്കച്ചെലവെന്ന പേരിൽ ട്രാൻസ്‌പോർട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും പിന്നീട് ആ തുക പിൻവലിച്ച് സിഎംആർഎൽ ഉന്നത ഉദ്യോഗസ്ഥർക്ക് തിരികെ നൽകുന്നതുമായിരുന്നു തട്ടിപ്പിന്റെ രീതിയെന്നാണ് റിപ്പോർട്ട്. ഇതിന് പ്രതിഫലമായി ട്രാൻസ്‌പോർട്ടർമാർക്ക് ഏഴ് ശതമാനം കമ്മീഷൻ നൽകിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
ട്രാൻസ്‌പോർട്ടർമാരുടെ ചോദ്യം ചെയ്യലിൽ നിന്നാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
What's Your Reaction?



