'വി.എസിന്‍റെ വിയോഗം വലിയ നഷ്ടം; പ്രതിസന്ധിയില്‍ പതറാതെ പാര്‍ട്ടിയെ നയിച്ച നേതാവ്'
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികവാർന്ന സംഘാടകൻ എന്ന നിലയിലാണ് കേരളത്തിൽ വി.എസ്. പ്രവർത്തിച്ചത്

ആലപ്പുഴ: സി.പി.എമ്മിന് മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഇക്കാലഘട്ടത്തിലെ ജനാധിപത്യശക്തികൾക്കും വലിയ നഷ്ടമാണ് വി.എസ്. അച്യുതാനന്ദന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി.എസിന്റെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം നടന്ന അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ അതുല്യമായ പങ്കുവഹിച്ച മഹാരഥൻമാരിൽ ഒരാളാണ് വി.എസ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രസ്ഥാനുമായി ഇഴ ചേർന്നതാണ് ആ ജീവിതം. അമേരിക്കൻ മോഡൽ എന്ന പേരിൽ രാജഭരണം നിലനിർത്താൻ സർ സിപി നടപടിയെടുത്തപ്പോൾ ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്നു പറഞ്ഞ പുന്നപ്ര വയലാർ സമരസഖാക്കളുമായി ബന്ധപ്പെട്ടതാണ് വി.എസിന്റെ ജീവിതം. കേരളത്തിലെ തൊഴിലാളി സംഘടനയും കർഷക പ്രസ്ഥാനവും ശക്തിപ്പെടുത്താൻ പോരാടിയ നേതാവാണ് അദ്ദേഹം'.
'കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ പോയ വി.എസ്., പി. കൃഷ്ണപിള്ളയുടെ നിർദേശം മനോഹരമായി നടപ്പാക്കി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും സി.പി.എമ്മിലും കണ്ട സംഘാടന രീതി ഈ അടിത്തറയിൽ നിന്നാണ് വി.എസിന് ലഭിച്ചത്. കേരളത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് വി.എസ്. നൽകിയത്. ജാതിമത ശക്തികളുടെ ഇടപെടലിനെതിരെ നിരന്തരം പോരാടിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. എല്ലാ ഘട്ടത്തിലും തൊഴിലാളി വർഗ താക്പര്യം ഉയർത്തിപ്പിടിക്കാൻ വി.എസ്. ശ്രമിച്ചിരുന്നു'.
'പ്രതിസന്ധിയിൽ പതറാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാവായിരുന്നു വി.എസ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികവാർന്ന സംഘാടകൻ എന്ന നിലയിലാണ് കേരളത്തിൽ വി.എസ്. പ്രവർത്തിച്ചത്. കേരളത്തിന്റെ ഉത്തമനായ സന്താനത്തെ അംഗീകരിക്കാൻ എല്ലാവരും സന്നദ്ധരായി എന്നത് ചാരിതാർഥ്യം നൽകുന്നെന്നും', പിണറായി വിജയൻ പറഞ്ഞു.
What's Your Reaction?






