രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി; ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്
ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും

ന്യൂഡൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
What's Your Reaction?






