'മികവിന്‍റെയും വൈവിധ്യത്തിന്‍റെയും പ്രതീകം': മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണ് മോഹൻലാലിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവര്‍. മോഹൻലാൽ മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ശേഷം മോഹൻലാലിനെ അഭിനന്ദിച്ചു കൊണ്ടുള്ള എക്സ് പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പതിറ്റാണ്ടുകളായി മലയാള സിനിമയിലും നാടകത്തിലും മോഹൻ ലാൽ ഒരു പ്രതിഭയായി നിലകൊള്ളുന്നു. കേരള സംസ്കാരത്തെക്കുറിച്ച് ആഴമായ അഭിനിവേശമുള്ളയാളുമാണ് മോഹൻലാൽ എന്നും പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറയുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹൻ ലാൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമാറ്റിക്, നാടക വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണ് മോഹൻലാലിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തലമുറകളെ പ്രചോദിപ്പിച്ച താരമാണ് മോഹൻലാൽ. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനു ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങളെന്നും സതീശൻ പറഞ്ഞു.
What's Your Reaction?