'369 ഓടിച്ച് ഓറഞ്ച് ഷര്‍ട്ടും കൂളിങ് ഗ്ലാസും' ധരിച്ച് മമ്മൂട്ടി; ഹൈദരാബാദില്‍ ഷൂട്ടിങ്
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിന്റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യു.കെയിലേക്ക് പോകും

ഒക്ടോബർ ഒന്നു മുതൽ പുനഃരാരംഭിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഭാഗമാകാൻ മമ്മൂട്ടി ഹൈദരാബാദിലേക്ക്. 369 എന്ന തന്റെ ഇഷ്ട നമ്പറുള്ള ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂസർ കാർ ഓടിച്ച് ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഓറഞ്ച് ഷര്‍ട്ടും കൂളിങ്ങ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി വിമാനത്താവളത്തിലെത്തിയത്.
ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ഒക്ടോബർ ഒന്നിന് ചേരുമെന്ന് നേരത്തെ രമേഷ് പിഷാരടി അറിയിച്ചിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിന്റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യു.കെയിലേക്ക് പോകും. ഈ മാസം 25 വരെ യുകെയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്. നവംബർ പകുതിയോടെ ആയിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. അതിനു ശേഷം ഇതേ സിനിമയുടെ ബാക്കി ചിത്രീകരണത്തിലും മമ്മൂട്ടി ഭാഗമാകും.
മമ്മൂട്ടി ലൊക്കേഷനിലേക്ക് തിരിച്ചുവരുന്ന സന്തോഷത്തിലാണ് തങ്ങളെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞിരുന്നു. ‘‘മമ്മൂക്ക ലൊക്കേഷനിലേക്ക് തിരിച്ചുവരുന്ന സന്തോഷത്തിലാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ കുറച്ചു ഭാഗങ്ങൾ ഇനി ഷൂട്ട് ചെയ്യാൻ ബാക്കിയുണ്ട്. ഹൈദരാബാദിലെ ഷൂട്ടിന് ശേഷം യുകെയിൽ കുറച്ചു ഭാഗം ഷൂട്ട് ചെയ്യും. മമ്മൂക്കയും ലാലേട്ടനുമായുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ട്. സിനിമയെക്കുറിച്ച് അധിക പ്രതീക്ഷകൾ നൽകുന്നില്ല. സിനിമ സംസാരിക്കട്ടേ.’, മഹേഷ് നാരാണൻ പറഞ്ഞു.
What's Your Reaction?






