വെനസ്വേലയിൽ യു.എസ് ബോംബാക്രമണം; കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനം
കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്
വാഷിങ്ടൻ/കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ യു.എസ് സൈന്യത്തിന്റെ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഏഴോളം സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്നാണ് ആക്രമണമെന്നും ട്രംപ് ഭരണകൂടത്തിന് ഇതിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. പ്രധാന സൈനിക താവളത്തിന് സമീപമുള്ള നഗരത്തിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് വെനസ്വേല സ്ഥിരീകരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയോടെയാണ് സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ആകാശത്ത് യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായി പ്രാദേശികവാസികൾ സാക്ഷ്യപ്പെടുത്തി.
സ്ഫോടനത്തെത്തുടർന്ന് ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഇറങ്ങിയോടി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രസിഡന്റ് നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്ന് ട്രംപ് ഭരണകൂടം കർശനമായി ആവശ്യപ്പെട്ടിരുന്നു. വെനസ്വേലയ്ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിന് പിന്നാലെയാണ് ഈ നീക്കം.
നേരത്തെ ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും വെനസ്വേലൻ ബോട്ടുകൾക്ക് നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയിരുന്നു. അന്ന് ഏകദേശം 107 പേർ കൊല്ലപ്പെട്ടിരുന്നു. പുതിയ ബോംബാക്രമണത്തെക്കുറിച്ച് യു.എസോ വെനസ്വേലയോ ഇതുവരെ ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ലെങ്കിലും മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
What's Your Reaction?