തിരുവനന്തപുരം മെഡിക്കൽ കോളേജ് തീപ്പിടിത്തം: ഐസിയു മാറ്റത്തിന് പിന്നാലെ മരിച്ചതായി പരാതി; ആരോപണം നിഷേധിച്ച് അധികൃതർ
നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓയൂർ സ്വദേശി കൃഷ്ണകുട്ടി എന്നിവരാണ് മരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഐസിയു മാറ്റത്തിന് ശേഷമാണ് രോഗികളുടെ നില വഷളായതെന്നാണ് പരാതി. എന്നാൽ ഈ ആരോപണങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ പൂർണ്ണമായും നിഷേധിച്ചു.
മാർച്ച് 17-ന് മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപ്പിടിത്തത്തെത്തുടർന്ന് ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും അടിയന്തരമായി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓയൂർ സ്വദേശി കൃഷ്ണകുട്ടി എന്നിവർ മരിച്ചത്.
ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സനീഷ് തീപിടുത്തമുണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ് മരിച്ചത്. തീപ്പിടിത്തത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ നില വഷളായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തീപ്പിടിത്തം നടന്ന ദിവസം ഉച്ചയ്ക്ക് 12:45-നാണ് കൃഷ്ണകുട്ടി മരിച്ചത്. ഐസിയു മാറ്റത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ നില വഷളായതെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
തീപ്പിടിത്തം ഉണ്ടായ ഉടൻ തന്നെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റിയിരുന്നു. മരിച്ച രണ്ട് രോഗികളും നേരത്തെ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇവരുടെ മരണത്തിന് തീപിടുത്തവുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. രോഗികളെ മാറ്റുന്നതിലോ ചികിത്സ നൽകുന്നതിലോ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 17-നാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമായി കരുതപ്പെടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
What's Your Reaction?