രാഹുലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: പരാതിക്കാരി വിദേശത്ത്, പരാതി നൽകിയത് ഇമെയിൽ വഴി
വീഡിയോ കോൺഫറൻസിംഗിലൂടെ പോലീസ് യുവതിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു
പത്തനംതിട്ട: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമതും ബലാത്സംഗ പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. നിലവിൽ വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് ഇമെയിൽ വഴി പരാതി നൽകിയത്. വീഡിയോ കോൺഫറൻസിംഗിലൂടെ പോലീസ് യുവതിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രാഹുൽ, വിവാഹവാഗ്ദാനം നൽകി ഹോട്ടൽ മുറിയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു.
ശാരീരികമായ അക്രമണങ്ങൾ നേരിട്ടതായും പരാതിയിലുണ്ട്. പീഡനത്തെത്തുടർന്ന് ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അധിക്ഷേപിക്കുകയും ഗർഭഛിദ്രത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്തു. പിന്നീട് ഗർഭം അലസിയപ്പോൾ ഫോണിൽ ബ്ലോക്ക് ചെയ്തതായും യുവതി പറയുന്നു. ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പാലക്കാട് ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന വലിയ തുക കൈപ്പറ്റിയതായും വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും വാങ്ങി നൽകിയതായും പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുമായി മുന്നോട്ട് പോയാൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.
എസ്ഐടി മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം അർദ്ധരാത്രിയിൽ പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പത്തനംതിട്ട എആർ ക്യാമ്പിൽ രാഹുലിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. പരാതിക്കാരി നാളെ നാട്ടിലെത്തിയേക്കുമെന്നാണ് വിവരം. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.
What's Your Reaction?

