സംസ്ഥാന വികസന മാതൃക സാമ്പത്തിക കണക്കുകളുടേതല്ല, മാനവികതയിൽ അധിഷ്ഠിതമാണ് : മുഖ്യമന്ത്രി
10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്
സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, മറിച്ച് മാനവികതയിൽ അധിഷ്ഠിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്.
2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഒരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. സർക്കാരിന് മുന്നിൽ പലതരത്തിൽ ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും മറികടന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
*അതിദാരിദ്ര്യം നിർമ്മാർജനം - ഔദ്യോഗിക പ്രഖ്യാപനം നവംബർ 1 ന്*
2021ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണ് അതിദാരിദ്രം പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക എന്നത്. ഇപ്പോൾ ആ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. ഈ കേരളപ്പിറവി ദിനത്തിൽ രാജ്യത്തെ ആദ്യത്തെ അതിദാരിദ്യ്ര മുക്ത സംസ്ഥാനമായി ഔപചാരികമായി കേരളം ഉയർത്തപ്പെടുകയാണ്.
ലോകത്തിൽ തന്നെ അപൂർവ്വം ചില പ്രദേശങ്ങൾ മാത്രമെ ഇത്തരത്തിൽ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു. ആ പട്ടികയിലേക്ക് കേരളവും ചേർക്കപ്പെടുകയാണ്. സമൂഹത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നവരുടെ കൈപിടിച്ച് ഉയർത്തുക എന്ന മഹത്തായ ലക്ഷ്യമാണ് നടപ്പിലാക്കുന്നത്. ഇത് ലോകമാകെ അംഗീകരിക്കുന്ന കേരള മാതൃകയ്ക്ക് കൂടുതൽ തിളക്കം നൽകുന്ന നേട്ടമാണെന്ന് മുഖ്യമന്തി പറഞ്ഞു.
What's Your Reaction?

