നാമജപങ്ങളാൽ മുഖരിതമായി തലസ്ഥാന നഗരി; ഇന്ന് ആറ്റുകാൽ പൊങ്കാല

രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

 - 
Mar 13, 2025 - 07:20
 0  11
നാമജപങ്ങളാൽ മുഖരിതമായി തലസ്ഥാന നഗരി; ഇന്ന് ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: നാമജപങ്ങളാൽ മുഖരിതമായി തലസ്ഥാന നഗരി. ആറ്റുകാൽ അമ്മയുടെ അനുഗ്രഹത്തിനായി കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള സ്ത്രീ ഭക്തജനങ്ങൾ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. ഇന്നാണ് ഭക്തർ നോമ്പ് നോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാല. 

ദിവസങ്ങൾക്ക് മുൻപ് തന്നെ ഭക്തജനങ്ങൾ ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ദൂരെ സ്ഥലത്ത് ഉള്ളവർ ഇന്നലെ തന്നെ നഗരത്തിലെ വിവിധ കോണുകളിൽ തമ്പടിച്ചിരിക്കുകയാണ്. അനന്തപുരിയുടെ ദേശീയ ഉത്സവമായ ആറ്റുകാൽ  പൊങ്കാലയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് പേരാണ് എത്തിയിരിക്കുന്നത്. 

രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. ഹൈന്ദവ വിശ്വാസപ്രകാരം പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങൾ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.

പൊങ്കാലയിൽ പ്രധാനമായും മൂന്ന് വിഭവങ്ങൾ ആണ് കാണപ്പെടാറുള്ളത്. പായസം, മണ്ടപ്പുറ്റ്, തെരളിയപ്പം അഥവാ കുമ്പിളപ്പം, മോദകം തുടങ്ങിയവ ആണത്. സാധാരണയായി അരി കൊണ്ടുള്ള ശർക്കര പായസമാണ് നിവേദിക്കാറുള്ളത്. 

 മാറാരോഗങ്ങൾ മാറുവാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയാണ് മണ്ടപ്പുറ്റ് നിവേദിക്കാറുള്ളത്.  അരി, പയർ, ശർക്കര എന്നിവ ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. രോഗബാധിതനായ വ്യക്തിയുടെ ശിരസിന്റെ ആകൃതിയിലോ അല്ലെങ്കിൽ അവയവത്തിന്റെ ആകൃതിയിലോ ചേരുവകൾ കുഴച്ചാവും മണ്ടപുറ്റ് ഉണ്ടാക്കുക. 

കൂടാതെ കടുംപായസം, പ്രഥമൻ, വെള്ള ചോറ്, സേമിയ, പാൽപ്പായസം, പാലട, ഇലയട മുതലായ പല ഭക്ഷ്യ വസ്തുക്കളും നിവേദിച്ചു കാണാറുണ്ട്. നിവേദ്യവസ്തു എന്തു തന്നെ ആയാലും ഭക്തിയോടെ സമർപ്പിച്ചാൽ ഭഗവതി സ്വീകരിക്കും എന്നാണ് വിശ്വാസം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെയാണ് പൊങ്കാല സമാപിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow